വാഷിംഗ്ടണ്‍: രതിചിത്ര നായികക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ നടപടികള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജഡ്ജി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ട്രംപിന്റെ ശിക്ഷാവിധി സംബന്ധിച്ച് ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ചൊവ്വാഴ്ചയോടെ വിധി പറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. നവംബര്‍ 26ന് ട്രംപിന്റെ ശിക്ഷ വിധിക്കാനും നിശ്ചയിച്ചിരുന്നു.
മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിന്റെ ഓഫീസില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാര്‍, ട്രംപിന്റെ നവംബര്‍ 5-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയവും 2025 ജനുവരിയില്‍ നടക്കാനിരിക്കുന്ന സ്ഥാനാരോഹണവും ഉദ്ധരിച്ച് ഞായറാഴ്ച മെര്‍ച്ചന് ഇമെയില്‍ അയച്ചിരുന്നു. കേസ് മാറ്റിവയ്ക്കുന്നതിന് ട്രംപ് ഡിഎയുടെ ഓഫീസിന് അപേക്ഷ നല്‍കിയെന്ന് ഇ-മെയിലില്‍ പറയുന്നു. ജഡ്ജി മര്‍ച്ചന്‍ അപേക്ഷ അംഗീകരിച്ച് കേസിലെ എല്ലാ നടപടികളും നവംബര്‍ 19 വരെ നിര്‍ത്തിവെച്ചു.
2016 ലെ തിരഞ്ഞെടുപ്പിനെ നിയമവിരുദ്ധമായി സ്വാധീനിക്കാന്‍ ട്രംപ് രതിചിത്ര നടി സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസില്‍ 34 കുറ്റങ്ങളിലും മുന്‍ പ്രസിഡന്റ് കുറ്റക്കാരനാണെന്ന് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയിരുന്നു. ഇതോടെ ഡൊണാള്‍ഡ് ട്രംപ് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായി. എന്നിരുന്നാലും, 78 കാരനായ ട്രംപ് കുറ്റക്കാരനല്ലെന്ന് വാദിക്കുകയും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.
ശിക്ഷിക്കപ്പെട്ടെങ്കിലും, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തന്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെതിരെ ശ്രദ്ധേയമായ വിജയം നേടി. അരിസോണയിലെ അവസാന വിജയം, വൈസ് പ്രസിഡന്റ് ഹാരിസിന്റെ 226-നെതിരെ ട്രംപിന്റെ ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ എണ്ണം 312 ആയി ഉയര്‍ത്തി. 2025 ജനുവരി 20 ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്